Advertising

YOU CAN PLACE YOUR ADS HERE. FOR MORE DETAILS CONTACT US

ഒമേറ്റ് സ്മാര്‍ട്ട് വാച്ച്

അഞ്ച് മെഗാപിക്‌സല്‍ ക്യാമറയുമായി ഒമേറ്റ് സ്മാര്‍ട്ട് വാച്ച്


ഓണ്‍ലൈന്‍ ഫണ്ട് ശേഖരണം പ്രതീക്ഷയ്‌ക്കൊത്ത് പൂര്‍ത്തിയായാല്‍ അധികം വൈകാതെ അഞ്ചു മെഗാപിക്‌സല്‍ ക്യാമറയോടുകൂടിയ ഒരു സ്മാര്‍ട്ട് വാച്ച് ഉപയോക്താക്കളുടെ കൈത്തണ്ടയിലെത്തും. ഒമേറ്റ് കമ്പനി അതിന്റെ 'ട്രൂസ്മാര്‍ട്ട് വാച്ചി'നായി 'കിക്ക്സ്റ്റാര്‍ട്ടര്‍ ' സര്‍വീസ് വഴി ഫണ്ട് ശേഖരണം ആരംഭിച്ചു കഴിഞ്ഞു.
'ക്രൗഡ്‌സോഴ്‌സിങി'ലൂടെ ഇതിനകം ഒരുലക്ഷം ഡോളറിന് മേല്‍ ശേഖരിക്കാന്‍ ഓമേറ്റ് കമ്പനിക്ക് കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫണ്ടിങ് സൈറ്റായ കിക്ക്സ്റ്റാര്‍ട്ടര്‍ വഴിപെബിള്‍ ( Pebble ) സ്മാര്‍ട്ട് വാച്ചിനായി കഴിഞ്ഞ വര്‍ഷം 102 ലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു.
ഫണ്ട് സമാഹരണം പൂര്‍ത്തിയായാല്‍ ട്രൂസ്മാര്‍ട്ട് വാച്ചിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം ആരംഭിക്കും.






പല സ്മാര്‍ട്ട് വാച്ചുകളും സ്മാര്‍ട്ട്‌ഫോണിന്റെ അനുബന്ധ ഉപകരണം പോലെ, ഫോണുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ , ട്രൂസ്മാര്‍ട്ട് വാച്ചിന്റെ പ്രവര്‍ത്തനത്തിന് സ്മാര്‍ട്ട്‌ഫോണിന്റെ പിന്തുണ ആവശ്യമില്ല. ഫോണ്‍ വിളിക്കാനും സന്ദേശങ്ങളയയ്ക്കാനും സ്മാര്‍ട്ട്‌ഫോണിന്റെ സഹായം വേണ്ട. ആവശ്യമെങ്കില്‍ , സ്മാര്‍ട്ട്‌ഫോണിന്റെ കൂട്ടാളിയായി പ്രവര്‍ത്തിക്കുകയും ചെയ്യും.
ഗൂഗിള്‍ ഗ്ലാസ് പോലെ ശരീരത്തില്‍ ധരിക്കാവുന്ന കമ്പ്യൂട്ടിങ് ഉപകരണങ്ങളുടെ ഗണത്തിലാണ് ട്രൂസ്മാര്‍ട്ട് വാച്ച് ഉള്‍പ്പെടുക. ഗൂഗിള്‍ ഗ്ലാസുമായി ജോഡിചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഇതിനാകുമെന്ന് ഒമേറ്റ് കമ്പനി പറയുന്നു.
ആന്‍ഡ്രോയ്ഡ് 4.2.2 പ്ലാറ്റ്‌ഫോമിലാണ് ട്രൂസ്മാര്‍ട്ട് വാച്ച് പ്രവര്‍ത്തിക്കുക. ആംഗ്യം വഴിയും നിയന്ത്രിക്കാം.
ഹാര്‍ഡ്‌വേര്‍ പ്രത്യേകതകള്‍ : 1.54 ഇഞ്ച് കളര്‍ ഡിസ്‌പ്ലെ. റിസല്യൂഷന്‍ 240 x 240 പിക്‌സല്‍സ്. 1.3 GHz ഡ്യുവല്‍ കോര്‍ കോര്‍ട്ടെക്‌സ് എ 7 പ്രൊസസര്‍, അഞ്ച് മെഗാപിക്‌സല്‍ ക്യാമറ, 4 ജിബി മെമ്മറി (32 ജിബി മൈക്രോ എസ്ഡി കാര്‍ഡിനെ പിന്തുണയ്ക്കും), ത്രീജി കണക്ടിവിറ്റിയോടു കൂടിയ മൈക്രോ സിംകാര്‍ഡ്.
വെള്ളം നനഞ്ഞാലും കുഴപ്പമുണ്ടാകാത്ത തരത്തിലാണ് വാച്ചിന്റെ രൂപകല്‍പ്പന. നീന്തുമ്പോഴും ധരിക്കാം. എന്നാല്‍ മുങ്ങല്‍ (ഡൈവിങ്) വേളയില്‍ പാടില്ല. ജിപിഎസ് ലൊക്കേഷന്‍ പിന്തുണയും വാച്ചിനുണ്ട്.
ട്രൂസ്മാര്‍ട്ട് വാച്ച് വികസിപ്പിക്കാനുള്ള പ്രവര്‍ത്തനം ഒന്നര വര്‍ഷമായി പുരോഗമിക്കുകയാണെന്ന് ഒമേറ്റ് കമ്പനി വക്താവ് പറഞ്ഞു. 'ആദ്യമാതൃകകള്‍ സൃഷ്ടിച്ചു കഴിഞ്ഞു, അന്തിമരൂപം ആയിട്ടില്ല'. ചൈനയിലെ ഷെന്‍ഷനിലുള്ള ഒരു ഫാക്ടറിയിലാകും നിര്‍മാണമെന്നും അദ്ദേഹം അറിയിച്ചു.
180 ഡോളര്‍ (11500 രൂപ) വില വരുമെന്ന് പ്രതീക്ഷിക്കുന്ന ട്രൂസ്മാര്‍ട്ട് വാച്ച് അടുത്ത ഒക്ടോബറിലോ നവംബറിലോ ഉപയോക്താക്കളുടെ കൈയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

No comments

Powered by Blogger.