Advertising

YOU CAN PLACE YOUR ADS HERE. FOR MORE DETAILS CONTACT US

റോഡുപണിയിലെ ചൂഷണം

റോഡുപണിയിലെ ചൂഷണം

അഡ്വ. ടി.ബി. സെലുരാജ്‌


അചൂഷണം' എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുക മാത്യു മാസ്റ്റര്‍ എന്ന അധ്യാപകനാണ്. തിരുവിതാംകൂറിലെ ഏതോ ഗ്രാമത്തില്‍നിന്ന് മലബാറിലെ എന്റെ സ്‌കൂളിലെത്തിയതായിരുന്നു മാസ്റ്റര്‍. അധ്യാപകനെന്ന രീതിയിലല്ല, ഒരു ദല്ലാളായിട്ടായിരുന്നു നാട്ടില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നേരിട്ട് കാണുവാനുള്ള അവസരം ഞങ്ങള്‍ക്ക് വിരളമായേ കിട്ടിയിരുന്നുള്ളൂ. നാല്‍ക്കാലികളിലായിരുന്നു തുടക്കമെങ്കിലും പിന്നീട് അത് റിയല്‍ എസ്റ്റേറ്റില്‍ത്തന്നെ എത്തിച്ചേര്‍ന്നു. സ്‌കൂളില്‍നിന്ന് എല്ലാ വര്‍ഷവും അധ്യയന യാത്രയ്ക്ക് കൊണ്ടുപോവുക പതിവായിരുന്നു. സ്‌കൂളില്‍ മാത്യു മാസ്റ്റര്‍ ഒരല്പം ആക്റ്റീവാകുന്ന ദിനങ്ങളായിരുന്നു അവ. എല്ലാ യാത്രകളും നയിക്കുന്നത് മാത്യു മാസ്റ്റര്‍തന്നെ. രണ്ടു കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഒന്ന് ബത്തേരി വഴി മൈസൂര്‍ക്കായിരിക്കണം പോകേണ്ടത്. രണ്ട്- കുട്ടികള്‍ ചെറുചാക്കുകള്‍ കൊണ്ടുവന്നിരിക്കണം. ഈ ചാക്ക് എന്തിനാണെന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക് തുടക്കത്തില്‍ മനസ്സിലായിരുന്നില്ല. മടക്കയാത്രയില്‍ മാസ്റ്റര്‍ വണ്ടി റിസര്‍വ്വ് വനത്തിലെവിടെയെങ്കിലും നിര്‍ത്തിച്ച് കുട്ടികളില്‍ മരം കയറാന്‍ വശമുള്ളവരോട് നെല്ലിമരങ്ങളില്‍ കയറാന്‍ പറയും. അവര്‍ കുലുക്കിയിടുന്ന നെല്ലിക്കകള്‍ കുട്ടിച്ചാക്കുകളില്‍ ശേഖരിക്കുകയാണ് മറ്റു കുട്ടികളുടെ ദൗത്യം. ഞങ്ങള്‍ക്കതില്‍ പരിഭവമുണ്ടായിരുന്നില്ല. മറിച്ച് ഉത്സാഹമായിരുന്നുതാനും. വണ്ടി സ്‌കൂളിലെത്തിയാല്‍ മാസ്റ്റര്‍ നെല്ലിക്ക നിറച്ച കുട്ടിച്ചാക്കുകള്‍ കസ്റ്റഡിയിലാക്കും. പോലീസുകാരന്‍ തൊണ്ടിമുതല്‍ ഏറ്റെടുക്കുന്ന ജാഗ്രതയില്‍ത്തന്നെ. ആരെങ്കിലും മറുത്തു പറഞ്ഞാല്‍ കൈനിറയെ നെല്ലിക്ക കൊടുത്തുകൊണ്ടവരെ നിശ്ശബ്ദരാക്കും. ആ അധ്യയന യാത്രാദിവസങ്ങളില്‍ ഞങ്ങളുടെ ഗ്രാമത്തിലെ പച്ചക്കറിച്ചന്തയില്‍ നെല്ലിക്ക തന്റെ സാന്നിധ്യമറിയിക്കും. ഒരു റിസര്‍വ്വ് ഫോറസ്റ്റില്‍ കുട്ടികള്‍ ഇറങ്ങിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചൊന്നും മാസ്റ്റര്‍ ആലോചിച്ചിരുന്നില്ല. ഇപ്പോഴും ബത്തേരിയില്‍ക്കൂടി പോകുമ്പോള്‍ ഒരു ചിരി ചുണ്ടിലൂറും. മാത്യു മാസ്റ്ററുടെ ആ ലഘു ചൂഷണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍.

എന്റെ മുന്നിലിരിക്കുന്ന രേഖകളും ചൂഷണത്തിന്റെ കഥ പറയുന്നു. ആദ്യകാല റോഡ് നിര്‍മാണവേളകളില്‍ കോല്‍ക്കാര്‍ നടത്തിയ ചൂഷണത്തിന്റെ ചരിത്രം. ആ ചരിത്രം 1855 ജനവരി 11-ാം തീയതി സ്‌പെഷല്‍ അസിസ്റ്റന്റ് കളക്ടറായിരുന്ന കോളറ്റ് മലബാര്‍ കളക്ടറായിരുന്ന കനോലിക്കയച്ച ഒരെഴുത്തിലൂടെ ഇവിടെ വ്യക്തമാക്കുകയാണ്. ''സര്‍, ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ഗതാഗത സൗകര്യങ്ങളുടെ ഒരു വാര്‍ഷിക റിപ്പോര്‍ട്ട് താങ്കള്‍ ആവശ്യപ്പെട്ടിരുന്നുവല്ലോ. അതിനാല്‍ ഞാനീ റിപ്പോര്‍ട്ട് അയയ്ക്കുന്നു. സത്യത്തില്‍ ഇത് സൗകര്യങ്ങളുടെ റിപ്പോര്‍ട്ടല്ല, മറിച്ച് അസൗകര്യങ്ങളുടെ റിപ്പോര്‍ട്ടാണ്. കാര്യമായ പുരോഗതിയൊന്നും കഴിഞ്ഞ റിപ്പോര്‍ട്ടിനുശേഷം ഉണ്ടായിട്ടില്ലെന്നറിയിക്കട്ടെ. മഞ്ചേരിയില്‍നിന്ന് പാണ്ടിക്കാട് വഴി മണ്ണൂരിലേക്കൊരു കാളവണ്ടിറോഡുണ്ടാക്കുന്നതില്‍ മാത്രമാണ് ഒരല്പം പുരോഗതിയുണ്ടായിട്ടുള്ളത്. നാല് പാലങ്ങളുടെ പണി ഇനിയും ബാക്കിയാണ്. അരീക്കോട്ടുനിന്ന് ചാലിക്കലോട്ടുള്ള റോഡുപണിയും പുരോഗമിക്കുന്നതായറിയിക്കട്ടെ. അങ്ങാടിപ്പുറത്തുനിന്ന് തൃത്താലയിലേക്കുള്ള റോഡും നിര്‍മാണത്തിലാണ്. തടവു പുള്ളികളുടെ ഒരു കൂട്ടത്തെതന്നെ ഇതിലേക്കായി നിയോഗിച്ചിട്ടുണ്ട്.

എന്നാല്‍ ഞാനൊന്നറിയിക്കട്ടെ, കാര്‍ഷിക തൊഴിലാളികളെക്കൊണ്ട് നിര്‍ബന്ധമായി റോഡുപണി ചെയ്യിക്കുന്നതിനോട് എനിക്ക് വിയോജിപ്പാണ്. ഇത് ശരിയായ ഒരേര്‍പ്പാടല്ല. അവര്‍ക്ക് താങ്ങാന്‍പറ്റുന്നതിനപ്പുറത്താണ് ഈ സമ്പ്രദായം. ഇവര്‍ കടുത്ത ചൂഷണത്തിന് വിധേയരാകുന്നതുകൊണ്ടായിരിക്കണം ഇവരുടെ പണിയിലും വലിയ മേന്മയൊന്നും കാണാനില്ലെന്നറിയിക്കട്ടെ. മെയ് മാസത്തിലും നവംബര്‍ മാസത്തിലുമാണ് മലബാറില്‍ കൊയ്ത്ത് നടക്കുന്നത്. ഈ അവസരത്തില്‍ത്തന്നെയാണ് നാം റോഡുപണി തുടങ്ങുന്നതും. റോഡിന്റെ പണി നടത്തുന്നതാകട്ടെ, നമ്മുടെ കോല്‍ക്കാരും. ഇവര്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതില്‍ ക്രൂരമായ ഒരു സംതൃപ്തി കണ്ടെത്തുന്നുവെന്നാണെനിക്ക് തോന്നുന്നത്. വിളവെടുപ്പ് സമയത്തുതന്നെയാണ് നാം നീര്‍ച്ചാലുകള്‍ വൃത്തിയാക്കുന്നതും തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതും. ഇതിനുപുറമേ റോഡുപണിയും. ഇതിനായി നാം ചെയ്യുന്നത് തഹസില്‍ദാര്‍മാര്‍ക്ക് നോട്ടീസയയ്ക്കുകയാണ്. നമ്മുടെ കല്പനകള്‍ കിട്ടിക്കഴിഞ്ഞാല്‍ തഹസില്‍ദാര്‍ ഓരോ റോഡിനെയും ഓരോ കോല്‍ക്കാരെ ഏല്‍പ്പിക്കുന്നു. നമ്മള്‍ തൊഴിലാളികളുമായി നേരിട്ട് ബന്ധപ്പെടാറില്ല. കാര്യമായ മേല്‍നോട്ടവും നടത്താറില്ല. തഹസില്‍ദാരില്‍നിന്ന് കല്പന കിട്ടിയാല്‍ കോല്‍ക്കാര്‍ നേരേ സ്ഥലത്തെ സമ്പന്നരായ ഭൂവുടമകളെ സമീപിക്കുന്നു. വിളവെടുപ്പിന്റെ സമയമാണെന്ന് തീരെ ഓര്‍ക്കാതെ അവര്‍ ഭൂവുടമകളോട് തൊഴിലാളികളെ ആവശ്യപ്പെടുന്നു. പാടങ്ങളില്‍ തൊഴില്‍സാന്നിധ്യം അങ്ങേയറ്റം ആവശ്യമുള്ള സമയത്താണ് കോല്‍ക്കാരുടെ ഈ നടപടി. കോല്‍ക്കാര്‍ ഇരുപതുപേരെ ആവശ്യപ്പെട്ടാല്‍ ഭൂവുടമകള്‍ സാധാരണ കൊടുക്കാറുള്ളത് എട്ടോ പത്തോ പേരെ മാത്രം. തുടര്‍ന്ന് കോല്‍ക്കാരന്‍ ചെയ്യുന്നത് മധ്യവര്‍ഗത്തിനെ സമീപിക്കുകയാണ്. അവിടെനിന്ന് എട്ടോ പത്തോ തൊഴിലാളികളെ കൈവശപ്പെടുത്തുന്നു. ഇതിനുപുറമേ, വഴിയില്‍ കണ്ട നിലമുഴവുകാരെയും മറ്റുള്ളവരെയും പണിക്കായി പിടിച്ചുകൊണ്ടു പോകുന്നു. ഈ തൊഴിലാളികള്‍ക്ക് ആകെയുള്ളത് ഒരു കുടിലും ഇത്തിരി മണ്ണുമായിരിക്കും. മലബാറിലെ ഭൂവുടമകള്‍ സാധാരണയായി തൊഴിലാളികള്‍ക്ക് വേതനം കൊടുക്കുന്നതില്‍ മടികാണിക്കാറില്ല. എന്നാല്‍ അവരുടെ കീഴില്‍ പണിയെടുത്താല്‍ മാത്രമേ വേതനം ലഭിക്കൂ. കോല്‍ക്കാര്‍ പിടിച്ചുകൊണ്ടുപോകുന്ന പുലയര്‍ക്ക് വേതനം കൊടുക്കാറില്ല. അവരെക്കൊണ്ട് കഠിനമായി റോഡില്‍ പണിയെടുപ്പിക്കുന്നു. ഈ കാലയളവില്‍ പുലയര്‍ സാധാരണ കഴിച്ചുവരുന്ന കഞ്ഞിപോലും അവര്‍ക്ക് അന്യമായിത്തീരുന്നു. ആരെങ്കിലും വിസമ്മതിച്ചാല്‍ അവരെ തല്ലിച്ചതയ്ക്കും. എന്നാല്‍ കോല്‍ക്കാരാകട്ടെ, അവരുടെ ഭക്ഷണത്തിന് കോഴിക്കറി നിര്‍ബന്ധിക്കുകയും ചെയ്യും. കോല്‍ക്കാരുടെ ഈ ചൂഷണം നാം അവസാനിപ്പിച്ചേ മതിയാകൂ. തൊഴിലാളികള്‍ക്ക് നമ്മള്‍ നേരിട്ട് വേതനം കൊടുക്കേണ്ടിയിരിക്കുന്നു. പുലയരെക്കൊണ്ട് റോഡുപണിക്കായി നിര്‍ബന്ധ സേവനം ആവശ്യപ്പെടുന്ന കോല്‍ക്കാരെ നിലയ്ക്കുനിര്‍ത്തണം. റോഡുപണിക്ക് പോകുന്ന പുലയര്‍ക്ക് ഒരു മണി ധാന്യംപോലും അവരുടെ ഉടമകളായ കര്‍ഷകര്‍ കൊടുക്കാറില്ല. ഇതുമൂലം അവനും അവന്റെ കുടുംബവും പട്ടിണിയിലാകുന്നു. മറ്റൊരു ദോഷവുംകൂടി ഇതിനുണ്ട്. ഭൂവുടമകള്‍ക്ക് സമയത്തിന് അവരുടെ കൃഷിപ്പണികള്‍ നടത്താന്‍ കഴിയാതെ വരുന്നു. സത്യത്തില്‍ നമ്മുടെ റോഡുപണികൊണ്ട് തൊഴിലാളികളും ഭൂവുടമകളും ഒരുപോലെ കഷ്ടപ്പെടുന്നു. റോഡുപണി മേല്‍നോട്ടം വഹിക്കുന്ന കോല്‍ക്കാരാകട്ടെ, ഉച്ചവെയിലില്‍ മരത്തണലില്‍ വിശ്രമിക്കുകയാണ് പതിവ്. വെയിലില്ലാത്ത സമയംനോക്കി മാത്രമേ അവര്‍ മേല്‍നോട്ടത്തിനായി വരാറുമുള്ളൂ. അതിനാല്‍ റോഡുപണിയില്‍നിന്ന് കോല്‍ക്കാരെ ഒഴിവാക്കുക.

ഇതുപോലെതന്നെ സര്‍ക്കാര്‍ ധനവും അധ്വാനവും പാഴാക്കുന്ന ഒരേര്‍പ്പാടാണ് നമ്മുടെ തണല്‍മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന രീതി. തണല്‍മരങ്ങള്‍ നടുന്നതില്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ തീരെ ആത്മാര്‍ഥത കാണിക്കാറില്ല. ഏറനാട്ടില്‍ കഴിഞ്ഞ വര്‍ഷം നാം 11,607 തണല്‍മരങ്ങളാണ് റോഡിനിരുവശവും നട്ടത്. വള്ളുവനാട്ടില്‍ മാത്രമായി 3,203 തണല്‍മരങ്ങളും നട്ടു. എന്നാല്‍ ഇതൊക്കെ ഉണങ്ങിപ്പോകാറാണ് പതിവ്. കോല്‍ക്കാര്‍ ഈ വിഷയത്തില്‍ തീരെ ശ്രദ്ധ കാണിക്കാറില്ല. അതിനാല്‍ എല്ലാ വര്‍ഷവും നാം ഈ പ്രക്രിയ ആവര്‍ത്തിക്കേണ്ടിവരുന്നു. ഗുണമില്ലാത്ത ഒരാല്‍മരത്തിന്റെ കമ്പൊടിച്ചു നട്ട് പോവുകയാണ് ഈ കോല്‍ക്കാര്‍ ചെയ്യാറുള്ളത്. അതിനാല്‍ ഈ ഏര്‍പ്പാട് നിര്‍ത്തി പ്ലാവ്, മാവ്, പുളി എന്നീ മരങ്ങളെ തണല്‍ മരങ്ങളായി നടുവാന്‍ നാം ശ്രദ്ധിക്കണം. എന്നു മാത്രമല്ല, തൊട്ടടുത്തുള്ള ഭൂവുടമയോട് ഈ വൃക്ഷത്തൈകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും വേണം. എല്ലാ മരങ്ങള്‍ക്കു സമീപവും ഒരു മണ്‍പാത്രത്തില്‍ വെള്ളം നിറച്ചുവെച്ചാല്‍ ഏതൊരാള്‍ക്കും തണല്‍മരങ്ങളെ നനയ്ക്കുവാന്‍ അവസരം കിട്ടും. അതിനാല്‍ കോല്‍ക്കാരുവഴി തണല്‍മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന രീതി മാറ്റി അത് റോഡരികിലുള്ള ഭൂവുടമകളെത്തന്നെ ഏല്‍പ്പിക്കുക.''

തണല്‍മരങ്ങളുടെ കാര്യത്തില്‍ എല്ലാ വര്‍ഷവും ഈ 21-ാം നൂറ്റാണ്ടിലും ഇതേ നാടകം തന്നെയാണ് നാം ആവര്‍ത്തിക്കാറ്.......

No comments

Powered by Blogger.