Advertising

YOU CAN PLACE YOUR ADS HERE. FOR MORE DETAILS CONTACT US

കരിക്കും പുഴ ഇവിടെ പാറിവീഴുന്നു


കരിക്കും പുഴ ഇവിടെ പാറിവീഴുന്നു




ആനപ്പകയുടെ ഭീതി നിഴല്‍വിരിച്ച മുളംകാടുകളിലൂടെയായിരുന്നു യാത്ര. ആന മറഞ്ഞിരുന്നാക്രമിക്കുന്നതിനാല്‍ വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ അടിക്കാടുകള്‍ വെട്ടിവൃത്തിയാക്കുന്നുണ്ടായിരുന്നു. പുഞ്ചകൊല്ലിയില്‍ കാട്ടുനായ്ക്കരുടെ കോളനിയും കഴിഞ്ഞ് നടത്തം തുടരുമ്പോള്‍ മനുഷ്യന്‍ കാടുകയ്യേറി തീര്‍ത്ത റബ്ബര്‍കാടിന്റെ മനം മടുപ്പിക്കുന്ന ദൃശ്യങ്ങള്‍. വെറുതെയല്ല ആന കാടിറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും. 

നിലമ്പൂര്‍ ഊട്ടി റോഡിലെ ആനമറിയില്‍ നിന്നും 14 കിലോമീറ്റര്‍ താണ്ടി അളയ്ക്കലെത്തുമ്പോള്‍ ചോലനായ്ക്കരുടെ കോളനിയായി. പണ്ട് അളകളില്‍ താമസിച്ചിരുന്നവര്‍ ഇന്ന് കോണ്‍ക്രീറ്റ് വീടുകളിലേക്ക് മാറിയിരിക്കുന്നു. 30 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഊര്. ചാത്തന്‍ മൂപ്പന്‍ ഞങ്ങളെ സ്വീകരിച്ചു. 

കൊടും കാടിനുള്ളിലെ കരിക്കുംപുഴ വെള്ളച്ചാട്ടം കാണണം. ചോലനായ്ക്കരോടൊപ്പം ഒരു ട്രെക്കിങ്. വെള്ളക്കരിയനെ വഴികാട്ടിയായി കിട്ടി. കരിയന്‍ തേനെടുക്കാനായി കാടുകയറാന്‍ പോവുകയായിരുന്നു. ''ഞാന്‍ നിങ്ങളെ അവിടെയെത്തിക്കാം പക്ഷെ തിരിച്ച് വരാനുണ്ടാവില്ല. ഞാന്‍ പിന്നെയും ഒരാഴ്ച കഴിഞ്ഞേ തിരിക്കൂ. സുജിത്തിനേയും രമേശിനേയും ഒപ്പം കൂട്ടാം. തിരിച്ചുവരാന്‍ അവര്‍ നിങ്ങളെ സഹായിക്കും''-കരിയന്‍ പറഞ്ഞു. 


കോളനിയ്ക്കപ്പുറം പുന്നപ്പുഴ കടന്ന് കാനനനടത്തം തുടങ്ങി. പുഴയില്‍ വെള്ളം കുറവാണ്. നല്ല തെളിനീരാണ്. വഴിക്ക് ഇവര്‍ താമസിച്ചിരുന്ന അള കണ്ടു. പുഴയോരത്ത് ഒരു വലിയ പാറയ്ക്കടിയിലെ അള. ഇപ്പോള്‍ മീന്‍ പിടിക്കാന്‍ വരുന്നവരുടെ രാത്രിവാസം ഇത്തരം അളകളിലാണ്. 

വഴി കൂടുതല്‍ ദുര്‍ഘടമായിതുടങ്ങി. ചെങ്കുത്തായ കയറ്റങ്ങളില്‍ വള്ളിയും മരക്കമ്പുകളും പിടിച്ച് കയറണം. ചെരിപ്പൊന്നുമില്ലാതെ കരിയന്‍ ഇതെല്ലാം നിഷ്പ്രയാസം കയറുന്നു. മുള്ളും കല്ലും ഒന്നും ആ കാലിന് പ്രശ്‌നമല്ല. ''ഇതെന്താ ചെരിപ്പിടാത്തത്?'' ''ആന വന്നാല്‍ ഓടി രക്ഷപ്പെടാനും മരത്തില്‍ കയറാനുമെല്ലാം ചെരിപ്പ് തടസമാണ്.'' കരിയന്റെ വിശദീകരണം. പക്ഷെ ഉള്‍ക്കാട്ടില്‍ ആനയും മൃഗങ്ങളുമൊന്നുമില്ലെന്നു തോന്നുന്നു. ആനപിണ്ടം പോലും പഴകി ചിതലരിച്ചു തുടങ്ങിയിരിക്കുന്നു. എല്ലാം നാടിന്റെ പരിസരത്താണ് തമ്പടിച്ചിരിക്കുന്നതെന്ന് തോന്നുന്നു. കരിങ്കുരങ്ങുകളെയും പച്ചിലപാമ്പിനെയും മാത്രം കണ്ടു. പെരുമ്പാമ്പും രാജവെമ്പാലയുമെല്ലാം ഈ കാട്ടിലുണ്ട്. 
വഴിയെന്നു പറയാന്‍ ഒന്നും കാണുന്നില്ല. കരിയന്‍ തീര്‍ക്കുന്ന കാലടിപ്പാടുകള്‍ തന്നെ വഴി. ഇടയ്ക്ക് കരിയിലകളില്‍ ചവിട്ടി വഴുതിപോവുന്നു. പിടിവിട്ടാല്‍ താഴ്‌വരയിലെവിടെയെങ്കിലും പോയേ നില്‍ക്കൂ. ഇതെങ്ങിനെ തിരിച്ചിറങ്ങും എന്നതായിരുന്നു ശങ്ക. എന്തായാലും പോവുക തന്നെ. മുന്നോട്ട് വെച്ചതല്ലേ. ഫോട്ടോഗ്രാഫര്‍ സജി തന്റെ തടിയുമായി നടക്കാന്‍ പാടുപെടുന്നു. ''ഇങ്ങനെ പോയാല്‍ നമുക്കിന്നൊന്നും വെള്ളച്ചാട്ടത്തിനരികിലെത്താനാവില്ല. പിന്നെ വെള്ളച്ചാട്ടത്തിനെ ഇങ്ങോട്ടു കൊണ്ടുവരേണ്ടിവരും.'' വഴിക്കുള്ള ചെറിയ വെള്ളച്ചാട്ടത്തിന്റെ ഫോട്ടോയെടുത്ത് തിരിച്ചുപോകണോ എന്നാണ് കരിയന്റെ ചോദ്യം. ''ഏയ് അത് ശരിയാവില്ല. കാണാത്ത ലോകങ്ങള്‍ തേടിയല്ലേ ഈ യാത്ര?''

ഇടയ്ക്ക് വന്‍മരങ്ങളില്‍ തന്റെ കയ്യിലെ കൊടുവാള്‍ കൊണ്ട് ചില അടയാളങ്ങളിടുന്നിടുണ്ട് കരിയന്‍. തിരിച്ചുവരുമ്പോള്‍ വഴിതെറ്റാതിരിക്കാന്‍ വേണ്ടിയാണോ ഇത്. ഏയ് അല്ല. മുകളില്‍ തേനുണ്ട്. മാര്‍ക്ക് ചെയ്തിട്ടാല്‍ മറ്റാരും അതെടുക്കില്ല. ആദിവാസികള്‍ക്കിടയിലെ പരസ്പരവിശ്വാസത്തിന്റെ അടയാളം കൂടിയാണത്. പത്ത് നൂറ് മീറ്റര്‍ പൊക്കമുള്ള മരത്തില്‍ കൊതകൊത്തിയ ചെറിയമരങ്ങള്‍ വെച്ച് കെട്ടും. രാത്രി അതില്‍ ചവിട്ടി മുകളിലെത്തും. തീപുകച്ച് തേനീച്ചകളെ ഓടിച്ച് തേനെടുക്കും. കയ്യിലെ കയറു കെട്ടി തൂങ്ങി താഴേക്ക് ഇറങ്ങും. 
താഴെ താഴ്‌വരയില്‍ നിന്ന് നീരൊഴുക്കിന്റെ താളം കേള്‍ക്കാം. വെള്ളച്ചാട്ടം അടുത്തെത്തിയോ? ''ഏയ് ഇത് ഇടയ്ക്കുള്ള ചെറിയ വെള്ളച്ചാട്ടമാണ്. വലുതിലേക്കിനിയും ദൂരങ്ങള്‍ താണ്ടണം.'' ഞങ്ങള്‍ ഉടുമ്പിനെ മനസില്‍ ധ്യാനിച്ചു. ഉടുമ്പ് പിടിക്കും പോലെ വള്ളികളിലും മരക്കൊമ്പുകളിലും മുറുകെ പിടിച്ച് മെല്ലെ മെല്ലെ മുകളിലേക്ക്. ഉടുമ്പിനെ പറ്റി പറഞ്ഞപ്പോഴാണ് വഴിയില്‍ കണ്ട 'ഉടുമ്പെറങ്ങിമരം' ഓര്‍ത്തത്. പൊങ്ങിനില്‍ക്കുന്ന ചെതുമ്പലുകള്‍ പോലെ തോലുളള മരം. ഉടുമ്പിനിതില്‍ കയറാന്‍പറ്റില്ലത്രെ. അതുപോലെയാണ് തൊട്ടാല്‍ പനിക്കുന്ന ആനവിരട്ടി. കാട്ടിലങ്ങിനെ എന്തെല്ലാം കൗതുകങ്ങള്‍. 



വെള്ളച്ചാട്ടത്തിന്റെ ഇരമ്പം അടുത്ത് കേള്‍ക്കാന്‍ തുടങ്ങി. ഒരു മലയുടെ പള്ളയിലൂടെ അല്‍പം താഴോട്ടിറങ്ങി. ഉരുളന്‍ കല്ലുകളില്‍ ചവിട്ടി മുന്നോട്ടുനോക്കി. ഒരു മല ചെത്തിയെടുത്ത് വലിച്ചെറിഞ്ഞതുപോലെ ഉരുളന്‍കല്ലുകള്‍. കൂറ്റന്‍ കോട്ടമതിലുപോലെ വലിയൊരു പാറ. മുകളില്‍ അല്‍പം പരന്നൊഴുകുന്ന ചെറിയ വെള്ളച്ചാട്ടം. തൊട്ടുതാഴെ പാറതൊടാതെ പാറിവീഴുന്ന ഉയരം കൂടിയൊരു വെള്ളച്ചാട്ടം. താഴെ വീണ്ടും പരന്നൊഴുകുന്ന ചെറിയൊരു വെള്ളച്ചാട്ടം. പിന്നെ ഉരുളന്‍കല്ലുകള്‍ക്കിടയിലൂടെ ഞെങ്ങിഞെരുങ്ങി ഒഴുകുന്ന പാല്‍നുരപ്പുഴ. 
രണ്ടാമത്തെ വെള്ളച്ചാട്ടമാണ് ആകര്‍ഷകം. ഒരു പുഴ പാറി വീഴുന്ന ചാരുദൃശ്യം. കാറ്റു വീശുമ്പോള്‍ അത് ഉലയുന്നു. ഗതി മാറുന്നു. ശക്തമായ കാറ്റില്‍ അതിന്റെ നൈരന്തര്യം തന്നെ നഷ്ടമാവുന്നു. വെള്ളംവന്നു പതിക്കുന്നയിടങ്ങള്‍ മാറികൊണ്ടിരിക്കുന്നു. കാട്ടാറിന്റെ താളത്തില്‍ ഒരു ജലനൃത്തവിരുന്ന്. 120 മീറ്റര്‍ ഉയരമെങ്കിലും കാണും. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഇതാവും. അതോ ഇതുപോലെ ആരുംകാണാത്ത എത്രയോ വെളളച്ചാട്ടങ്ങള്‍ ഇനിയും കൊടുംകാടുകളില്‍ ഒളിച്ചിരിപ്പുണ്ടാവുമോ? 

പുഴയോടൊപ്പം താഴോട്ടിറങ്ങി. ചിലയിടങ്ങളില്‍ ആനയിറങ്ങും പോലെ ഇരുന്ന് നിരങ്ങി. അങ്ങിനെ ഉടുമ്പായും ആനയായും കുരങ്ങായും മാറേണ്ട ഒരു യാത്ര. താഴെ അളയ്ക്കലെത്തുമ്പോള്‍ ഇരുട്ടിയിരുന്നു. കഞ്ഞിയും പയറും വേവിക്കാനിട്ട് പുഴയില്‍ മുങ്ങികുളിക്കാനിറങ്ങി. കരിക്കുംപുഴ ഇവിടെ പുന്നപ്പുഴയാണ്. കരിക്കുവെള്ളത്തിന്റെ ശുദ്ധതയും നൈര്‍മ്മല്യതയും പക്ഷെ നഷ്ടമാവുന്നില്ല. ആവോളം മുങ്ങിനിവര്‍ന്നപ്പോള്‍ ആശ്വാസമായൊരു ഇളംകാറ്റും പടിഞ്ഞാറു നിന്ന് പറന്നെത്തി. 

പിറ്റേന്ന നടന്ന് ആനമറിയിലെത്തി, വഴിക്കടവ് നിലമ്പൂര്‍ മഞ്ചേരി രാമനാട്ടുകര വഴി കോഴിക്കോടെത്തും മുമ്പ് ഫറോക്കില്‍ വീണ്ടും ഈ പുഴ കണ്ടു. കരിക്കും പുഴയില്‍ പാറി വീണുകൊണ്ടിരുന്ന പുഴ ഇവിടെ നിറസമൃദ്ധമാണ്. കാമുകനായ കടലിന്റെ ചുംബനമേറ്റ് ഉപ്പുരസമാണ്ടവള്‍. കാട്ടില്‍ ഞങ്ങള്‍ മുങ്ങികുളിച്ച വെള്ളം ഇന്നലെത്തന്നെ ഇവിടെയെത്തിയിട്ടുണ്ടാവാം.


No comments

Powered by Blogger.